ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥയെപ്പറ്റി സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പൂത്തോട്ട എസ്എൻ സലോ കോളജിലാണ് സിനിമയുടെ പൂജ നടന്നത്
‘‘ഇതൊരു നല്ല സിനിമയാണ്. അമിത പ്രതീക്ഷയോടെയൊന്നും വരാതിരിക്കുക. ജോർജുകുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുക, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊക്കെയാണ് ചിത്രത്തിലൂടെ പറയുന്നത്. മറ്റ് രണ്ട് ഭാഗങ്ങളുടെ മുകളിൽ നിൽക്കാൻ വേണ്ടി ചെയ്യുന്ന സിനിമയല്ലിത്.
നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ട്, എന്തൊക്കെ സംഭവിക്കാം എന്നതാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ആ ആകാംക്ഷയിൽ സിനിമ കാണാൻ വരാം.
ഈയൊരവസരത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കാനാകുന്നതും ഏറെ സന്തോഷം നൽകുന്നു. ഞങ്ങളെല്ലാം അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത്. എല്ലാ രീതിയിലും ഈ അവാർഡിന് അർഹനാണ് അദ്ദേഹം.
സിനിമ എപ്പോൾ തിയറ്ററുകളിൽ എത്തുമെന്ന് എനിക്കറിയില്ല. ചിത്രീകരണം തീരുന്നതുപോലെയിരിക്കും റിലീസ് തിയതി. അതൊക്കെ നിർമാതാവാണ് തീരുമാനിക്കുന്നത്.
ദൃശ്യം ഒരു ത്രില്ലർ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്. അത് രണ്ട് കുടുംബങ്ങളുടെ കഥയായിരുന്നു. ഇപ്പോൾ അത് ജോർജുകുട്ടിയുടെ കുടുംബത്തിലെ കഥയാണ്. അവർ നേരിടുന്ന ട്രോമകളും മറ്റ് ബുദ്ധിമുട്ടുകളുമാണ് സിനിമ പറയുന്നത്.’’ജീത്തു ജോസഫ് പറഞ്ഞു.